തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗവും ആദ്യ വനിതാ മന്ത്രിയുമായിരുന്നു.
പകരക്കാരിയില്ലാത്ത അമരക്കാരിയായി തന്നെയായിരുന്നു ഗൗരിയമ്മയുടെ മടക്കവും.
രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ് ഗൗരിയമ്മക്കാണ്. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
തുടക്കം
1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്ബിൽ രാമന്റെയും പാർവതിയമ്മയുടെയും മകളായാണ് ജനനം. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെൻറ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിൻറെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം, പിന്നെ വിവാഹവും
1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. ’54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നൽകിയ പ്രഥമ കേരള മന്ത്രിസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.
പിളർപ്പിൽ സി പി എമ്മിനൊപ്പം
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന് 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടിയുണ്ടാക്കി അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. 1996ലും 2001ലും യു.ഡി.എഫ് മുന്നണിക്കൊപ്പം ചേർന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു.
ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ ‘ആത്മകഥ’ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
അവസാന കാലത്ത് ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഗൗരിയമ്മ പരിഭവിച്ചിരുന്നു.


