കോഴിക്കോട്: ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാര്‍ എം ശ്രീജിത്തിൻ്റെ ഭൗതിക ശരീരം സംസ്കരിച്ചു. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രാവിലെ ഏഴ് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ശ്രീജിത്തിൻ്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ടതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്നുവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ കെ.ശശീന്ദ്രന് ആദരാജ്ഞലി അര്‍പ്പിച്ചു.
ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബെന്‍ മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ച പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുബേദാര്‍ എം ശ്രീജിത്ത് വീരമൃത്യുവരിച്ചത്. തിരുവങ്ങൂര്‍ മാക്കാട വത്സൻ്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയലക്ഷ്മി. ശ്രീജിത്ത് കഴിഞ്ഞ മാര്‍ച്ച് ആദ്യവാരതിലായിരുന്നു നാട്ടില്‍ വന്ന് മടങ്ങിയത്.


