മുംബൈ: വിമത കോൺഗ്രസ്–ജെഡിഎസ് എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽനിന്ന് ഗോവയിലേക്കു കൊണ്ടുപോകാൻ നീക്കം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ആർ. ശങ്കർ കർണാടക മന്ത്രിസഭയിൽനിന്നു രാജിവച്ചു. ബിജെപിയെ പിന്തുണയ്ക്കാനാണു തീരുമാനമെന്നും ശങ്കർ അറിയിച്ചു.
ആർ. ശങ്കർ കർണാടക ഗവർണർ വാജുഭായ് വാലയെ കണ്ട് രാജി തീരുമാനം അറിയിച്ചതായി ഗവർണറുടെ ഓഫിസും വ്യക്തമാക്കി. രാനെബന്നൂരില്നിന്നുള്ള നിയമസഭാംഗമായ ശങ്കർ എച്ച്.ഡി. കുമാരസ്വാമി സർക്കാരിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പു മന്ത്രിയായിരുന്നു.
രാജിവച്ചശേഷം അദ്ദേഹം മുംബൈയിലേക്കു പോയി. സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ എച്ച്. നാഗേഷിന്റെ രാജിക്കുതൊട്ടുപിന്നാലെയായിരുന്നു ശങ്കറിന്റെയും രാജി പ്രഖ്യാപനം.
രാജിവച്ച 13 എംഎൽഎമാരെക്കൂടാതെ രണ്ട് എംഎല്‍എമാർകൂടി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് അനുനയ ശ്രമങ്ങൾക്കു തിരിച്ചടിയായി. രാജി പ്രഖ്യാപിച്ച എംഎൽഎമാരുടെ ആവശ്യം ഗവർണർ അംഗീകരിച്ചാൽ സർക്കാരിന്റെ അംഗസംഖ്യ 103 മാത്രമായി ചുരുങ്ങും.
കോണ്‍ഗ്രസ് സ്വീകരിച്ച സമീപനത്തിൽ മനംനൊന്ത് എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്നും ബിജെപിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് എംഎൽഎയായ റോഷൻ ബെയ്ഗ് എഎൻഐയോടു പറഞ്ഞു.


