ന്യൂഡല്‍ഹി:സ്പീക്കര്‍ സുമിത്ര മഹാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന് വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വരെയും പ്രഖ്യാപിക്കാതിരുന്ന നേതൃത്വത്തോട് പ്രതിഷേധം അറിയിച്ച് കൊണ്ടാണ് സുമിത്രയുടെ പിന്മാറ്റം.

‘ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ. ഒരു പ്രത്യേക തീരുമാനമെടുക്കാന്‍ പാര്‍ട്ടി വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സീറ്റിനെ സംബന്ധിച്ച് ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു മടിയുള്ളത് പോലെ തോന്നുന്നു. അത് കൊണ്ടാണ് ഞാനീ പ്രഖ്യാപനം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല’. ഇനി പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം സുമിത്ര മഹാജന്റെ കത്തില്‍ പറയുന്നു.
ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ഇക്കാര്യമറിയിച്ചു. വരുന്ന ഏപ്രില്‍ 12ന് 76 വയസ് പൂര്‍ത്തിയാകുന്ന സുമിത്രക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടിരുന്നെന്നും അത് മറ്റ് പലരില്‍ നിന്നും അറിഞ്ഞ അവര്‍ പാര്‍ട്ടിയെ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നുമാണ് വിവരം.


