കൊല്‍ക്കത്ത : ജയ് ശ്രീറാം മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം ജയ് ശ്രീറാം കാര്‍ഡുകള്‍ . മമതയുടെ ഔദ്യോഗിക വസതിയിലേക്കാണ് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്നതെന്ന് ബിജെപി എം പി അര്ജുന് സിംഗ് പറഞ്ഞു .കഴിഞ്ഞ ദിവസം മമത ബാനര്‍ജിയ്ക്ക് മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .
ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം. രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത ജയ് ശ്രീറാം വിളിച്ചവരോട് ക്രുദ്ധയായി സംസാരിക്കുകയായിരുന്നു .തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കുന്നവരുടെ പേരുകള്‍ എഴുതിയെടുക്കാന്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .
ഇവരില്‍ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത് .തന്നെ അപമാനിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ,ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ് . അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മമത നിര്‍ദേശിക്കുകയായിരുന്നു .


