ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീൽ പരിഗണിച്ചത്. രേഖകളും നടപടികളും പരിശോധിച്ചതിന് ശേഷം മാത്രമേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് പ്രച്ഛക് പറഞ്ഞു.
ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുലും തൻറെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഹർജി നിയമപരമായ നിലനിൽക്കില്ലെന്ന് പരാതിക്കാരൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.2019ൽ കോലാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് രാഹുലിനെ അയോഗ്യനാക്കിയത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷാ ഇളവ് നൽകുകയോ ചെയ്താൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. മെയ് എട്ട് മുതൽ ജൂൺ മൂന്ന് വരെയാണ് വേനൽക്കാല അവധി. ഇതിന് ശേഷം അപ്പീൽ വീണ്ടും പരിഗണിക്കും.


