സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിന് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം ചേരാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദ്ദേശിക്കേണ്ടത് സെനറ്റ് ആണ്. ഈ മാസം 11നുള്ളില്‍ സെനറ്റ് ചേര്‍ന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. സെനറ്റ് പിരിച്ചു വിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സര്‍വകലാശാല അംഗീകരിച്ചിരുന്നില്ല.
വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുളള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിര്‍ദേശിക്കില്ല. കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേര് നിര്‍ദേശിച്ചുള്ള ഗവര്‍ണറുടെ വിജ്ഞാപനം നിയമ വിരുദ്ധവുമാണെന്നും സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍വകലാശാലയുടെ പ്രതികരണം.
സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ കഴിഞ്ഞ ആഗസ്റ്റില്‍ ഗവര്‍ണര്‍ വിസി നിയമനത്തിനുളള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് സെനറ്റ് യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരേ സര്‍വകലാശാല പ്രമേയം പാസാക്കിയിരുന്നു. പിന്നീട് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാല വഴങ്ങിയിരുന്നില്ല.


