ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതര്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അനുവദിച്ചു കൊടുക്കാനാവില്ല. ഇന്നലെ, ആലപ്പുഴ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന് വൈകുന്നേരം ഖോ ഖോ വിളിയും ഗുണ്ടാവിളയാട്ടം നടത്താനുമുള്ള ഒരു സംഘം തെരുവിലിറങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ്. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചു വിടാന്‍, ഇന്ന് രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസം ബോധപൂര്‍വം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.”- എഎ ഷുക്കൂര്‍ പറഞ്ഞു.
അതേസമയം, എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കാന്‍ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോള്‍ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്.
ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാര്‍ട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


