കൊല്ലം: നാട്ടുകാര്‍ നോക്കിനില്‍ക്കെ നവവധു കല്ലടയാറ്റില്‍ ചാടി മരിച്ചു. കൊല്ലം കിഴക്കേ കല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിൻ്റെ ഭാര്യ ആരതി കൃഷ്ണനാ(22)ണ് മരിച്ചത്. ശാസ്താംകോട്ട കടപുഴയിലാണ് സംഭവം നടന്നത്. ഭർത്താവ് സൈജു ദുബായിലാണ്.
ഇന്നലെ രാവിലെ 11ന് കൊല്ലം-തേനി ദേശീയപാതയില്‍ കടപുഴ പാലത്തില്‍ നിന്നാണ് ആരതി ആറ്റിലേക്ക് ചാടിയത്. കുണ്ടറയില്‍നിന്ന് ഫയര്‍ഫോഴ്സും പോലീസും എത്തുന്നതിനു മുമ്പ് തന്നെ ഹൗസ് ബോട്ടുകാര് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോ കണ്ടാണ് ആരതിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സ്വര്‍ണമാലയിലെ താലിയില്‍ സൈജു എന്ന് എഴുതിയിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൈജു നാട്ടിലെത്തിയശേഷമായിരിക്കും സംസ്കാരം.
ആരതിയും സൈജുവും ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. വൈകാതെ സൈജു വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്നാണ് വിവരം. സൈജുവിൻ്റെ മാതാപിതാക്കളും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റു കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരതിയുടെ ഡയറി അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.


