കോഴിക്കോട്: നടുവണ്ണൂര്‍ പഞ്ചായത്ത് ഓഫിസ് ആക്രമിച്ച യുവാവ് പിടിയില്‍. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പ്രകോപനമൊന്നുമില്ലാതെ തന്നെ പഞ്ചായത്ത് ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കുടയില്‍ കൊടുവാള് ഒളിപ്പിച്ചാണ് യുവാവ് ഓഫിസിലേക്ക് വന്നത്. കരുമ്പാപ്പൊയിലിലെ സനല്‍കുമാര്‍ ആണ് (39) ആക്രമണം നടത്തിയത്. ആക്രമണത്തിൽ ജനല്‍ ചീളുകള്‍ തെറിച്ച് മൂന്ന് ജീവനക്കാരികള്‍ക്ക് പരിക്കേറ്റു. ജീവനക്കാരികളായ അശ്വതി, പ്രസന്ന, ഷൈമ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഫ്രണ്ട് ഓഫിസ്, ജനസേവന കേന്ദ്രം, പഞ്ചായത്ത് സെര്‍വര്‍ റൂം എന്നിവയാണ് ഇയാൾ കൊടുവാള് ഉപയോഗിച്ച് തകര്‍ത്തത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ ജോലിക്ക് ഉപയോഗിക്കുന്ന കൊടുവാള് ഉപയോഗിച്ചാണ് അക്രമം നടത്തിയത്. 15 മിനിറ്റോളം ആക്രമി കൊടുവാള് ഉയര്‍ത്തി ഭീഷണി മുഴക്കി. തുടർന്ന് ഇയാളെ ഓടിക്കൂടിയവര്‍ കീഴ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വീട്ടിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട ഒരു പരാതി ഇയാള്‍ പഞ്ചായത്തില്‍ കൊടുത്തിരുന്നു. ഈ പരാതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിൻ്റെയും സാന്നിധ്യത്തില്‍ ജൂലൈ 23ന് ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച ചെയ്ത് സനല്‍ കുമാറിന് അനുകൂലമായി നിലപാടെടുത്ത് രമ്യമായി പരിഹരിച്ചിരുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാല്‍, പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞാണ് ഇയാള്‍ ആക്രമണം നടത്തിയത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഓഫിസ് ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


