ന്യൂഡല്ഹിക: ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശ് എം.എല്‍.എയുമായ വിശാല്‍ നെഹ്റക്ക് എതിരെ സ്ത്രീധന പീഡന ആരോപണവുമായി ഭാര്യ ഒഷിന്‍ ശര്‍മ രംഗത്ത്. തന്നെ വിശാല്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ് ഒഷിൻ സമൂഹമാധ്യമത്തിൽ കൂടി പറഞ്ഞത്. 11 മിനിറ്റ് നീണ്ട വിഡിയോയിലാണ് ഒഷിന്‍ ആരോപണങ്ങളുന്നയിച്ചത്. ഹിമാചല്‍ പ്രദേശ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥ കൂടിയാണ് ഒഷിന്‍. ഈ വര്‍ഷം ഏപ്രില്‍ 26നാണ് ഇരുവരും വിവാഹിതരായത്.
വിവാഹ സമയത്ത് തനിക്ക് 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വര്‍ണമാലയും നല്‍കിയിരുന്നു. പക്ഷേ ഭര്‍ത്താവ് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. തനിക്ക് ഭര്‍ത്താവിനെ കോളജ് കാലം മുതല്‍ അറിയാം. അന്ന് തൊട്ട് അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടര്‍ന്ന് ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2019ല്‍ എം.എല്‍.എയായപ്പോള്‍ വിശാല്‍ തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ ആത്മാര്തമാണെന്ന് വിശ്വസിച്ചു. തൻ്റെയും കുടുംബത്തിന്റയും സുരക്ഷക്കായാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ”തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഒഷിന്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളോട് വിശാല്‍ പ്രതികരിച്ചിട്ടില്ല.