തിരുവല്ല: ഇലന്തൂര്‍ നരബലിക്ക് ശേഷം കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമമെന്ന് ആരോപണം. തിരുവല്ല കുറ്റിപുഴയിലെ വാടക വീട്ടിലാണ് ഇതിനായുളള ആഭിചാര കര്‍മ്മങ്ങള്‍ നടന്നത്. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു കുടക് സ്വദേശിയായ യുവതി. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
ഡിസംബര്‍ 8 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്കാന് പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന് വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു.
ശേഷം അയാളുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് മുതിര്‍ന്ന ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.


