വിദ്യാര്‍ഥികളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച കോതമംഗലം എസ്ഐ മാഹിന്‍ സലിമിനെ സസ്പെന്‍ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ പ്രസിഡന്റുമായ റോഷനെയാണ് മാഹിന്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കല്യാണ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്കളത്ത് കടയുടെ സമീപം നില്‍ക്കുകയായിരുന്നു. ആ സമയം അവിടെയെത്തിയ പൊലീസ് ഇവരോട് വീട്ടില്‍ പോകാറായില്ലെയെന്ന് ചോദിക്കുകയും മേല്‍വിലാസം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് റ്റോജി ടോമി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിനെ പിടിച്ചു കൊണ്ടു പോയതിന്റെ കാരണം സ്റ്റേഷനിലെത്തിയ റോഷനെയും സുഹൃത്തിനെയും പൊലീസ് തടഞ്ഞു നിര്‍ത്തി. ഇതോടെ പൊലീസുമായി ഇവര്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ റോഷനെ അകത്തേക്ക് വലിച്ചു കൊണ്ടു പോയി എസ്ഐ മാഹിന്‍ മര്‍ദിക്കുകയായിരുന്നു.
സംഭവം റോഷനൊപ്പം വന്ന വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. റോഷനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീ എസ്.എഫ്.ഐക്കാരനല്ലേ എന്ന് ചോദിച്ച് എസ്.ഐ സ്റ്റേഷനിലുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിയായ റോഷന് റെന്നി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുകാരന് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.


