വെഞ്ഞാറമൂട്: സ്ഫോടക വസ്തു പൊട്ടി യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി(40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30ന് തേമ്പമൂട് വാലുപാറയിലുള്ള ഇയാളുടെ ഭാര്യാ വീട്ടിനു സമീപം വച്ചായിരുന്നു സംഭവം. ശരീരത്തോട് ചേര്‍ത്ത് വച്ച സ്ഫോടകവസ്തുവില്‍ തീ കൊളുത്തിയ ശേഷം വീട്ടിലേയ്ക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു.
സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലം വരെയത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരം പല കഷണങ്ങളായി ചിന്നിച്ചിതറുകയും ചെയ്തു. സംഭവ സമയത്തും ഏറെക്കൂറെ അടുത്തായും ഇയാളുടെ രണ്ട് മക്കളും ഭാര്യാ സഹോദരിയുടെ രണ്ട് മക്കളും വൃദ്ധരായ ഭാര്യാ മാതാവും പിതാവും ഉണ്ടായിരുന്നു. തലനാരിഴക്കാണ് ഇവരൊക്കെ രക്ഷപ്പെട്ടത്.
സംഭവറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു നാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ. സരിത, വിഷ്ണു മുരളി, വിഗ്നേഷ് മുരളി എന്നിവരാണ് മക്കള്‍.


