നെടുമങ്ങാട്: വയോധികന് മണ്‍വെട്ടിക്കൈ ഉപയോഗിച്ച് തലക്കടിച്ച സ്ത്രീ മരിച്ചു. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച ശേഷം വയോധികന് തീ കൊളുത്തി ജീവനൊടുക്കി. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന് -64)ആണ് മരിച്ചത്.
തലക്കടിയേറ്റ സരിത ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. മകളാണെന്ന് പറഞ്ഞ് സരിത വിജയമോഹനൻ്റെ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. വ്യാഴാഴ്ച വൈകീട്ടും വീടിന് മുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതേതുടര്‍ന്ന് മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനന്‍ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ അനുജന് വീട്ടിൽ ഇണങ്ങുകയും ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കെ.എസ്.ആര്.ടി.സിയില്‍നിന്ന് വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍ നായര്‍. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ.


