കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം ഉത്തരവായത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നടപടി. കേസില്‍ സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) ആസഫ് അലി ഹാജരായി.
വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ആന്റോയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍, മദ്യം കണ്ടെടുത്ത വീട് തന്റേതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. വസ്തു തന്റേതല്ലെന്നും, നിലവില്‍ കേസില്‍പ്പെട്ട് കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാലാണ് തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആന്റോ വ്യക്തമാക്കി.
അതേസമയം, ആന്റോയുടെ വാദങ്ങളെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നത് ആന്റോ അഗസ്റ്റിനാണെന്നും, ഏറ്റവും ഒടുവില്‍ തദ്ദേശ സ്ഥാപനത്തില്‍ നികുതി അടച്ച രേഖകള്‍ പ്രകാരം വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

