കൊല്ലം റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പൊലീസ് വെളിപ്പെടുത്തല്‍. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ പണവും മൊബൈല്‍ഫോണും പ്രതി നാസു കവര്‍ന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ തന്ത്രപരമായി ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പ്രതി എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ലൈംഗിക ബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വന്നു, തുടര്‍ന്ന് യുവതിയെ ഉപേക്ഷിച്ചുപോയി എന്നായിരുന്നു നേരത്തെ പ്രതി നല്‍കിയിരുന്ന മൊഴി. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശ വാസികള്‍ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങള്‍ പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ് പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം.
യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. കഴിഞ്ഞ 29ന് രാത്രി 9.30 ആയിട്ടും വീട്ടില്‍ എത്തിയില്ല. ഫോണില്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായെന്നും യുവതിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


