തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭര്‍ത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന് നായര്‍ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരന് നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരന് നായര്‍ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.
29 വര്‍ഷം മുമ്പ് ശശിധരന് നായരുടെ മകനെ വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാല്‍ ഉദേശിച്ച ജോലി ലഭിക്കാതെ വന്നതോടെ ശശിധരന്റെ മകന് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ ശശിധരന് നായരുടെ മകളും ജീവനൊടുക്കി. ഇതോടെയാണ് ശശിധരന് പ്രഭാകരക്കുറുപ്പിനോട് പക തോന്നി തുടങ്ങിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു.
രണ്ട് മക്കളുടെയും മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച് ശശിധരന് നായര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വര്‍ഷങ്ങളായി നടന്ന കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരന്റെ പക വര്‍ധിച്ചതും കൊലപ്പെടുത്താന്‍ തീരുമാനിച്ചതും.
തുടര്‍ന്ന് രാവിലെ വീട്ടിലെത്തിയ ശശിധരന് ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഭാകരക്കുറുപ്പ് മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിമല കുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ ശശിധരന് നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോളോ ബ്രിക്സ് നിര്‍മാണ യൂണിറ്റ് നടത്തുകയായിരുന്നു പ്രഭാകര കുറുപ്പ്. സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ശശിധരന് നായര്‍.


