പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
നാളെ വൈകിട്ട് 4.25 നെടുമ്പാശ്ശേരിയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് കാലടി ശൃംഗേരി മഠത്തില്‍ എത്തും. 6 മണിയ്ക്ക് സിയാല്‍ കണ്വെന്ഷന് സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കൊച്ചിമെട്രോ പേട്ട എസ്എന്‍ ജംഗ്ഷന് പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്വെസ്റ്റേഷന് വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി കപ്പലിന്റെ കമ്മീഷനിംഗ് ആഘോഷമാക്കാന്‍ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്മ്മാണ് പൂര്‍ത്തിയാക്കിയത്.
ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.


