ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാന്‍ നീണ്ട 28 വര്‍ഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നല്കാന് സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആര്‍എസ്എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഖ്നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര- ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടന്‍ തന്നെ അപ്പീല്‍ നല്‍കണം – പ്രസ്താവനയില്‍ പറഞ്ഞു.


