പിഎസ്സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സര്‍ക്കാറിനും പിഎസ്സിക്കുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും, സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അസാധാരണമായ സാഹചര്യത്തില്‍ അസാധാരണ നടപടിയായി അത് വിലയിരുത്താവുന്നതാണെന്നും ചെന്നിത്തല അനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനവ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം നടത്തി. ഡിസിസി ഓഫീസില്‍ നിന്ന് സ്റ്റേഡിയം ബസ്സ്റ്റാന്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും പിഎസ്സി ചെയര്‍മാന്റെയും കോലം കത്തിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ പേട്ട ജംഗ്ഷന് റോഡ് ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മേനകയില്‍ നിന്ന് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മഹാരാജാസ് കോളജിന് മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ അനുവിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ സികെ ഹരീന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പിഎസ്സിയെ ന്യായീകരിച്ചെന്ന് ആരോപിച്ച് യുവ മോര്‍ച്ച പ്രതിഷേധം നടത്തി.
ഒഴിവുകള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് അനുവിന് നിയമനം കിട്ടാതെ പോയതെന്നാണ് പിഎസ്സി വിശീദകരണം. 2019ല്‍ നിലവില്‍ വന്ന 3205 അംഗ സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം 416 നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പിഎസ്സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി.


