പുതിയ കെപിസിസി സെക്രട്ടറിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ ആദരിക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്ന വിമര്‍ശനങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈയെടുത്ത് അനുനയ ചര്‍ച്ചകള്‍ നടത്തും. ബെന്നി ബഹനാന്റെ നാടകീയ രാജി ഗ്രൂപ്പ് പോരിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മറ്റു ചര്‍ച്ചകള്‍ ഉണ്ടാവില്ല. ഗ്രൂപ്പില്‍ പൂര്‍ണമായും ഒറ്റപ്പെട്ട ബെന്നി ബഹനാന്റെ തുടര്‍നീക്കങ്ങള്‍ എ ഗ്രൂപ്പ് നിരീക്ഷിക്കുകയാണ്.
യുഡിഎഫ് കണ്‍വീനറായി എം എം ഹസനെ നേരത്തെ തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടുകൂടി യുഡിഎഫ് ചെയര്മാന് രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തും.
പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ പോര്‍മുഖം തുറന്നിരിക്കുകയാണ് കെ മുരളീധരന്. പരസ്യമായി തുറന്ന് പറയില്ലെന്ന് വ്യക്തമാക്കിയെങ്കിലും നീരസം പരസ്യമാക്കിയതിലൂടെ നേതൃത്വത്തിന് കൃത്യമായ സന്ദേശമാണ് കെ മുരളീധരന് നല്‍കിയത്.


