തിരുവനന്തപുരം: മേയറും കൂട്ടരും തന്റെയടുത്താണ് മോശമായി പെരുമാറിയതെന്ന് റോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പണിപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. താന്‍ ലഹരി ഉപയോഗിച്ചിട്ട് കവര്‍ വലിച്ചെറിഞ്ഞെന്നാണ് പറയുന്നത്. അവരാരെങ്കിലും വലിച്ചെറിഞ്ഞിട്ട് എന്റെ തലയില്‍ വെക്കുന്നതാകും. എനിക്കെതിരെ വേറെ കേസുകളൊക്കെയുണ്ടെന്ന് പറയുന്നു. എല്ലാം തെളിയിക്കട്ടെ. അവര്‍ അവരുടെ അധികാരം കാണിക്കുകയാണെന്നും യദു പറയുന്നു.
അവര്‍ പറയുന്നത് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ മേയറല്ല, കലക്ടറല്ല, ഐഎഎസുകാരനുമല്ല, ഒന്നുമല്ല. എന്നെക്കുറിച്ച് എന്തു പറഞ്ഞാലും അവരു പറയുന്നതേ നാട്ടുകാര്‍ കേള്‍ക്കുകയുള്ളൂ. അവര്‍ ഒരു ജനപ്രതിനിധിയല്ലേ. അവര്‍ പറയുന്നതേ കേള്‍ക്കാന്‍ ആളുള്ളൂ. അതുകൊണ്ടാണല്ലോ ജോലിയില്‍ കയറേണ്ടെന്ന് പറഞ്ഞത്. എന്റെ ഭാഗത്ത് തെറ്റില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് രാവിലെ വിളിച്ചു പറഞ്ഞുവെന്നും യദു പറഞ്ഞു.
താല്‍ക്കാലിക ജോലിക്കാരനാണെങ്കിലും ഡ്യൂട്ടിയിലിരിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. എന്റെയടുത്താണ് മോശമായി പെരുമാറിയത്. അവര്‍ മേയര്‍ ആണെന്നൊന്നും അറിയില്ലായിരുന്നു. ഒരു സാധാരണ ലേഡി എന്നുള്ള ബഹുമാനം അവര്‍ക്ക് നല്‍കിയിരുന്നു. ഒരു മുണ്ടുടുത്ത ചേട്ടന് ബസിന്റെ ഡോറില്‍ ഇടിക്കുകയായിരുന്നു ഹൈഡ്രോളിക് ഡോര്‍ ആയതുകൊണ്ട് ഞാന്‍ വിചാരിച്ചാലല്ലേ പറ്റൂ. മുന്നോട്ടെടുക്കണമെങ്കില്‍ ഡോര്‍ തുറക്കാന്‍ പറഞ്ഞു. ഡോര്‍ തുറന്നപ്പോള്‍ അകത്തു കയറി. അത് എംഎല്‍എയാണെന്നും മേയറുടെ ഭര്‍ത്താവാണെന്നും പിന്നീട് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. തനിക്കെതിരെ കേസുകളുണ്ടെങ്കില്‍ സ്റ്റേഷനില്‍ കാണുമല്ലോ. യാത്രക്കാര്‍ ആരും പരാതി കൊടുത്തിട്ടില്ല. മന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ യാത്രക്കാരെല്ലാം സപ്പോര്‍ട്ടാണ് ചെയ്തത്.