ഇടുക്കി: ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനെതിരെ മാനനഷ്ട കേസ്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് കാണിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ജോയ്സ് ജോര്‍ജിന് നോട്ടീസ് അയച്ചത്. ജോയ്സിനെതിരെ ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്തു എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി.
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ഡീന്‍ കുര്യാക്കോസ് അതിനെ എതിര്‍ത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്തുവെന്നുമാണ് സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജോയ്സ് ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ താന്‍ അതിനെ എതിര്‍ത്തു വോട്ട് ചെയ്തുവെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്തുത ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും പാര്‍ലമെന്റില്‍ എതിര്‍ത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീന്‍ പറഞ്ഞു. ആരോപണം പിന്‍വലിച്ചു 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. റെജി ജി നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.