കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം അറസ്റ്റില്‍. അവയവക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ് അറസ്റ്റ്. അവയവ കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ മുന്‍പ് പിടിയിലായ പ്രതി സാബിത്ത് നാസര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാമിനെ അറസ്റ്റ് ചെയ്തത്.
അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഇരകളായവരില്‍ 19 പേര് ഉത്തരേന്ത്യന്‍ സ്വദേശികളാണ്. കൂടുതല്‍ ഇരകളുണ്ടെന്ന് സംശയമുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇരയായ മലയാളി പിന്നീട് ഏജന്റായെന്ന് നേരത്തെ പിടിയിലായ പ്രതി മൊഴി നല്‍കിയിരുന്നു.
സാമ്പത്തിക ലാഭത്തിനായി പ്രതി സാബിത്ത് ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരകളായവര്‍ക്ക് നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്. ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തിയിരുന്നു. എന്നാല്‍, പാസ്പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുന്‍പ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണ് സാബിത്ത് പൊലീസിന് നല്കിയ മൊഴി.