ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ. കല്യാണം അടക്കമുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആയി കുറച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ കൊടുക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യുപിയില്‍ എത്തുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവുമോയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അടക്കം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


