ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രിംകോടതി വിധി അന്തിമമാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്. മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്.
ചാന്‍സലറുടെ അധികാരത്തില്‍ കടന്നു കയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. സുപ്രിം കോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്ത് ഇരിക്കുന്നത്.
സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓര്‍ക്കണം. തിരിച്ചും പ്രതിരോധിക്കും. ശക്തമായി നേരിടും. ഗവര്‍ണര്‍ അനാഥനല്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാര്‍മ്മികമായ കാര്യങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വര്‍ണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്. മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാര്‍മ്മികതയാണ് ഉള്ളത്? ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.