കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ നിലവാരവും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം. പൊതുതാത്പര്യ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ല. പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
കുറ്റകൃത്യം കണ്ടെത്താനുള്ള പര്യവേഷണമാണ് ഹര്‍ജിയിലൂടെ ഹര്ജിക്കാരന് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെയാണ് ഹര്ജിക്കാരന് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് ഒരു നിയമ വിരുദ്ധ നേട്ടവും കൈപ്പറ്റിയിട്ടില്ല. മകള്‍ വീണ ടിയുടെ കമ്പനിയായ എക്സാലോജിക് വഴിയും ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. എക്സാലോജിക് വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നത് തെറ്റായ ആക്ഷേപമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സത്യത്തെ മറയ്ക്കാനും രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുമാണ് തനിക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട് സ്വകാര്യ കരാറാണ്. അതില്‍ തനിക്ക് ഒരു പങ്കുമില്ല. മകള്‍ക്ക് നേട്ടമുണ്ടാക്കാനായി സിഎംആര്‍എലിനെ സ്വാധീനിച്ചിട്ടില്ല.