ഒട്ടാവ : കനേഡിയന്‍ മണ്ണില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയേക്കാമെന്ന് യുഎസ് കാനഡയ്ക്ക് രഹസ്യാന്വേഷണ വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇതാണ് പിന്നീട് കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കാന്‍ കാരണമായെന്നും പാശ്ചാത്യ സഖ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയായ ‘ഫൈവ് ഐസ്’ ഈ രഹസ്യാന്വേഷണ വിവരം പരസ്പരം പങ്കുവെച്ചിരുന്നു. ഇതാണ് പിന്നീട് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചതെന്നും ഒരു ഉന്നത യുഎസ് നയതന്ത്രജ്ഞന് സ്ഥിരീകരിച്ചു. കാനഡയെ കൂടാതെ യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഒരു രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐസ്.
എന്നാല്‍, നിജ്ജാര്‍ കൊല്ലപ്പെടുന്നതുവരെ ഗൂഢാലോചനയെക്കുറിച്ച് സൂചനയോ കേസില്‍ ഇന്ത്യയുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന തെളിവുകളോ ഒന്നും ലഭിച്ചിരുന്നില്ലെന്ന് സഖ്യകക്ഷി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവനായിരുന്ന നിജ്ജാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കനേഡിയന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ 18-ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയില്‍ വെച്ച് നിജ്ജാറിനെ രണ്ട് അജ്ഞാതരാണ് വെടിവെച്ചു കൊന്നത്. 2020-ല്‍ ഇന്ത്യ നിജ്ജറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
‘ഗൂഢാലോചനയെക്കുറിച്ച് വാഷിംഗ്ടണിന് മുന്‍കൂര്‍ വിവരമൊന്നും ഉണ്ടായിരുന്നില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും വിവരം ലഭിച്ചിരുന്നെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ‘മുന്നറിയിപ്പ് നല്‍കാനുള്ള കടമ’ എന്ന സിദ്ധാന്തത്തിന് കീഴില്‍ അവര്‍ ഒട്ടാവയെ ഉടന്‍ അറിയിക്കുമായിരുന്നു’, രണ്ട് സഖ്യകക്ഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ നിജ്ജറിന് പൊതുവായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാനഡയുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് ആവശ്യപ്പെട്ടത്. നിജ്ജാറിനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ ‘ ആഴ്ചകള്‍ക്ക് മുമ്പ്’ കാനഡ ഇന്ത്യയുമായി പങ്കിട്ടുവെന്നും ‘വളരെ ഗുരുതരമായ വിഷയത്തില്‍’ ന്യൂഡല്‍ഹി ഒട്ടാവയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു .
എന്നാല്‍ വിഷയത്തില്‍ കാനഡയില്‍ നിന്ന് ഇന്ത്യക്ക് പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചത്. ‘അപ്പോഴോ അതിനു മുമ്പോ ശേഷമോ ഈ കേസില്‍ കാനഡ പ്രത്യേക വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ല. ഏത് വിവരവും പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ‘എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.


