കേരളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് തിരുവനന്തപുരം യൂണിറ്റ് (KGMCTA) കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം നേരിടാന്‍ ഉള്ള പതിനഞ്ചിന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സമിതിയുടെ നിര്‍ദേശങ്ങള്‍ സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറി. മെഡിക്കല്‍ കോളേജുകളില്‍ തീവ്രത കുറഞ്ഞ കോവിഡ് കേസുകള്‍ ചികില്സിക്കാതെ അത്യാസന്നരും ഓക്സിജന്‍/ വെന്റിലേറ്റര്‍ ആവശ്യമായ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക എന്നുള്ളതാണ് പ്രധാന നിര്‍ദേശം.
ഒപിയിലേക്കുമുള്ള സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയോ, ചെറിയ ആസ്പത്രികള്‍ മുഖേനയോ ആകുക എന്നുള്ളതും ഇതില്‍ ആവശ്യപെടുന്നു. ടെര്‍ഷ്യറി ലെവല്‍ കെയര്‍ കൊടുക്കേണ്ട മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സെക്കണ്ടറി/ പ്രൈമറി കെയര്‍ സെന്റര്‍ കളിലേക്കു വിന്യസിക്കരുത് എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ COVID വാര് റൂം തുടങ്ങുകയും ICU bed, ഓക്സിജന്‍ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടതാണ്.
മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള High Flow നേസല്‍ ഓക്സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കണം എന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 200 ല്‍ പരം ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിക്കുകയുണ്ടായി. മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക് ആവശ്യം വന്നാല്‍ ICU ഉള്‍പ്പെടെ ഉള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങള്‍ സംഭവിക്കുന്ന സ്റ്റാഫുകള്‍ക്ക് കോവിഡ് പ്രത്യേക ഡിസബിലിറ്റി ഇന്‍ഷുറന്‍സ് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു.
വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണനിരക്ക് വളരെ കൂടുതലാണ്. ഇത് കുറക്കാന്‍ കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സംഘടനാ ആവശ്യപ്പെട്ടു. മെഡിക്കല്‍/ പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ വൈകിക്കരുതെന്നും, കോണ്‍ട്രാക്ട് പ്രകാരത്തില്‍ അടിയന്തരമായി റസിഡന്റ് ഡോക്ടര്‍മാരെയും, നേഴ്സ് മാരെയും, ഗ്രേഡ് 1 ഗ്രേഡ് 2 അറ്റന്‍ഡര്‍ മാരെയും ക്ലീനിങ് സ്റ്റാഫിനെയും, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍മാരെയും നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ പഠനത്തിന് മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കണം എന്നും കോവിഡ് റിസേര്‍ച്ചിനു വേണ്ടി പ്രത്യേക പരിഗണ കൊടുക്കണമെന്നും കേരളത്തില്‍ കോവിഡിന്റെ അതിവ്യാപനം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കഴിയുമെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗണ്‍ പരിഗണിക്കുന്നത് നന്നായിരിക്കും എന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


