സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയവും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയും കേരള നിയമസഭയുടെയും ജനാധിപത്യത്തിന്റെയും ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് എന്ന് മന്ത്രി ജിസുധാകരന്. അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് നോട്ടീസ് നല്കിയപ്പോള് തന്നെ അറിയാമായിരുന്നു. എന്നാല്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പറയാനുള്ളത് പൂര്‍ണമായും പറയാനും ജനങ്ങള്‍ക്ക് നേര് വ്യവച്ഛേദിച്ചറിയാനുമുള്ള അവസരമായി അത് മാറിയെന്നും മന്ത്രി പറഞ്ഞു. പത്തരമണിക്കൂര്‍ നീണ്ട അവിശ്വാസപ്രമേയചര്‍ച്ച പ്രമേയമാക്കി മാധ്യമപ്രവര്‍ത്തകനായ കെവി മധു എഴുതി കൈരളി ബുക്സ് പ്രസിദ്ധീകരിച്ച അവിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അവിശ്വാസപ്രമേയം മാത്രം വിഷയമാക്കി ഒരു പുസ്തകം പുറത്തിറങ്ങുന്നത്. നമ്മുടെ നിയമസഭയുടെയും ജനാധിപത്യത്തിന്റെയും മികവ് വിളിച്ചറിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രരേഖയായി അതുകൊണ്ട് തന്നെ ഈ പുസ്തകം മാറുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, ജനങ്ങള്‍ക്ക് മുന്നില്‍ പറയാനുള്ളതെല്ലാം പറയാനുള്ള അവസരമായാണ് പ്രമേയാവതരണത്തെ കണ്ടത് എന്ന് അവിശ്വാസപ്രമേയം അവതരിപ്പിച്ച വിഡി സതീശന് പുസ്തകം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും വളരെ ആരോഗ്യകരമായിട്ടാണ് പ്രമേയ ചര്‍ച്ചയെ കണ്ടത്. അസാധാരണമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂപപ്പെടാറുള്ള സ്ഥലമാണ് കേരളം. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഒരു സാധ്യത ഉപയോഗപ്പെടുത്തി. കേരളചരിത്രത്തില്‍ ഇടം നേടിയ ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് സന്തോഷകരമാണ്. അങ്ങനെയൊരു ചര്‍ച്ച പൂര്‍ണമായി പൂസ്തകരൂപത്തിലാക്കിയതും സഭാ ചരിത്രത്തില്‍ മുമ്പില്ലാത്തതാണ് എന്നും സതീശന് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് പ്രമേയമാക്കി പത്തരമണിക്കൂര്‍ നീണ്ട നടപടികള്‍ സമ്പൂര്‍ണമായി ഉള്‍പ്പെടുത്തിയാണ് പുസ്തകം പ്രസീദ്ധീകരിച്ചത്. പ്രമേയാവതരണം മുതല്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി വരെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രമേയാവതാരകന് വിഡി സതീശന് എന്നിവരുടെ അഭിമുഖവും പുസ്തകത്തിലുണ്ട്.
മന്ത്രി ജി സുധാകരന്റെ വസതിയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കൈരളി ബുക്സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. കൈരളി ബുക്സ് എംഡി ഒ അശോക് കുമാര്‍, എഴുത്തുകാരന് ഷാജു കിളിത്തട്ടില്‍ കെവി മധു എന്നിവര്‍ സംബന്ധിച്ചു.


