വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തില്‍ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ രാത്രി കിടക്കാന്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി നല്കി.മറ്റ് മൂന്ന് കേസുകളിലും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
സതീഷ് നാരായണ്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞിരുന്നു. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ ഇയാള്‍ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫിസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായണ്‍. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫിസിനു സമീപത്തെ കെട്ടിടങ്ങളിലും, നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.


