ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തെ തള്ളി കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്. തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മമ്പറം ദിവാകരന് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പഠന കാലത്തെ സംഭവങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അനാവശ്യമായി ഇത്തരം വിഷയങ്ങള്‍ കെ സുധാകരന് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നെന്നും മമ്പറം ദിവാകരന് പറഞ്ഞു.
പഴയകാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ഉത്തരവാദിത്തപ്പെട്ട കെപിസിസി പ്രസിഡന്റ് പറയേണ്ടിയിരുന്നില്ല. അതൊക്കെ പഠിക്കുമന്ന കാലത്തുണ്ടായ കാര്യങ്ങളാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസുകാരുടെ അനിഷേധ്യനായ നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊന്നുമല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ പരിഗണിച്ചപ്പോള്‍ തന്റെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും മമ്പറം ദിവാകരന് പറയുന്നു.
മമ്പറം ദിവാകരന് പറഞ്ഞത്: ‘ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടില്ല. ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി വിജയന് ഞങ്ങളുടെ സീനിയറാണ്. 1989ല്‍ ഞാന്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗമാണ്. ഞാന്‍ ഇന്ദിരാ പക്ഷത്തും സുധാകരന് സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. എന്റെയും എകെ ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരന് അവിടെയുണ്ടായിരുന്നു. അന്ന് സുധാകരന് ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല.”
ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തിന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയും മറുപടി നല്‍കിയത്. കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ”ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ കണ്ടിട്ടാകും. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങനെ സത്യം പറയാതിരിക്കും.”
”കെ.എസ്.എഫ്- കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ ഞാന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാന്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. പരീക്ഷ ബഹിഷ്കരണത്തിന്റെ ഭാഗമായി കെഎസ്.എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാന്‍ കെഎസ്.യുകാര്‍ തടയാന്‍ എത്തി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി. ഈ ചെറുപ്പക്കാരന്റെ നേരെ ഞാന്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാന്‍ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന്‍ പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന് എന്നാണ് ഞാന്‍ പറഞ്ഞത്. ഇതാണ് സംഭവിച്ചത്.
സുധാകരന് ഒന്ന് മനസിലാക്കിക്കോ. വിദ്യാര്‍ഥി അല്ലാത്തത് കൊണ്ട് മാത്രമാണ് ആ സംഘര്‍ഷം അവിടെ നിന്നത്. ഏതോ കത്തിയും കൊണ്ട് നടക്കുന്ന ഫ്രാന്‍സിസിന്റെ കാര്യവും പറഞ്ഞു. അങ്ങനെയൊരാള്‍ അവിടെ ഇല്ല. സ്റ്റേജില്‍ വച്ച് തല്ലിയെന്നതും അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നെ ആക്രമിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. അതിന് ആരും എത്തിയിട്ടില്ല. പൊലീസുകാര്‍ ചെയ്തത് മാത്രം ഈ ശരീരത്തിലുള്ളത്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് കാര്യത്തിന്.”


