മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അതേത് നാടാണ്? ഇനി ഇങ്ങനെയാണ് ഭാഷയെങ്കില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.
സുധാകരന്റെ പ്രസ്താവനക്കെതിരെ സിപിഎം യാതൊരു നടപടിക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം മുന്നില്‍ വെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്കാര ശൂന്യമായ പ്രസ്താവനകള്‍ക്ക് യാതൊരു വിലയും കല്പിക്കുന്നില്ല. സുധാകരന്റെ ജല്പനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണ്. അവര്‍ അതിന് മറുപടി നല്‍കുമെന്നും സ്വരാജ് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. സംഭവം വിവാദമായതോടെ താന്‍ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന് പറഞ്ഞിരുന്നു.


