മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതിലേറെയും. കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങള്‍ മാറി. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയര്‍ത്തേണ്ടിടത്ത് നാവ് അടക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനമാണിപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാധ്യമ വാര്‍ത്തകളില്‍ പക്ഷാപാതിത്വമുണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”കേരളത്തിലും ഇന്ത്യയിലും വ്യാജവാര്‍ത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിന് കൂട്ടുനില്‍ക്കുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങള്‍ നിര്‍ണായകഘട്ടത്തില്‍ നിശ്ശബ്ദത പുലര്‍ത്തുന്നു.’
‘പല വിദേശരാജ്യങ്ങളിലും മാധ്യമവാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാന്‍ ഫാക്ട് ചെക്ക് സംവിധാനങ്ങളുണ്ട്. അത് കേരളത്തിലും നടപ്പാക്കേണ്ടി വരും. അത്തരം സ്വതന്ത്രസംരംഭങ്ങളെക്കുറിച്ച് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ആലോചിക്കണം. ഒരു വിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാകുന്നത് എന്നോര്‍ക്കണം. സിദ്ദിഖ് കാപ്പന് തന്നെയാണ് ഇതിനുദാഹരണം”, മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കൊവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര് വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


