കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍. വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാര്‍ക്ക് നല്‍കണമെന്നുമാണ് തരൂരിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് തരൂര്‍ മധുസൂധന് മേസ്ത്രിക്ക് കത്ത് നല്കി.
ഇന്നലെ മധുസൂധനന് മേസ്ത്രി വരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി വോട്ടിങ് രീതി വിശദീകരിച്ചിരുന്നു. മല്ലികാര്‍ജുന ഖാര്‍ഗെ ഒന്നാമത്തെ നമ്പറിലും ശശി തരൂര്‍ രണ്ടാമത്തെ നമ്പറായുമാണ് ബാലറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണോ വോട്ട് ചെയ്യുന്നത് അവര്‍ക്ക് നേരെ ഒന്ന് എന്ന് എഴുതണമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇത് ഖാര്‍ഗെയ്ക്ക് പരോക്ഷമായി വോട്ട് തേടുന്നു എന്ന ആക്ഷേപമാണ് തരൂര്‍ ഉന്നയിക്കുന്നത്. ഇത് മാറ്റി ടിക്ക് ഇടുന്ന രീതിയാക്കണമെന്നാണ് തരൂരിന്റെ ആവശ്യം.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനം ഇരു സ്ഥാനാര്‍ഥികളും പ്രചാരണം ശക്തമാക്കുന്നു. ശശി തരൂര്‍ ഉത്തര്‍പ്രദേശിലെ ലക്നൗവിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വന്തം നാടായ കര്‍ണാടകത്തിലും ആണ് ഇന്ന് പ്രചാരണം നടത്തുന്നത്.
നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുകയാണ്. മൂവായിരത്തിലധികം വരുന്ന വോട്ടര്‍മാര്‍ നാളെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. പ്രചാരണത്തിന്റെ അവസാന ദിനം പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വോട്ട് തേടാന്‍ ആണ് ശശി തരൂരിന്റെ തീരുമാനം.
ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ നേതാക്കളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ച ശേഷം തരൂര്‍ കേരളത്തില്‍ എത്തും. എതിര് സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ ജന്മനാടായ കര്‍ണാടകയില്‍ എത്തിയിരുന്നു. ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണവും കര്‍ണാടകത്തില്‍ ആണ്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂടുതല്‍ നേതാക്കളെ തനിക്ക് അനുകൂലമാക്കി രംഗത്ത് കൊണ്ട് വരാന്‍ ആണ് ശശി തരൂരിന്റെ നീക്കം. തരൂരിന് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കമല്‍നാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്.


