അഭിമുഖ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്, അത് താന്‍ ആവര്‍ത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കില്‍ പിന്‍വലിക്കുന്നു. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങള്‍ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന് മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്കിയ മറുപടിയിലാണ് കെ സുധാകരന് രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ – ‘അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന് ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന് ആലോചിച്ചു. എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന് അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള് കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.’ ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന് പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തില്‍ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.
മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി കെ സുധാകരന്റെ മറുപടിയില്‍ ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്. ഇതിനിടയിലാണ് ചോദ്യകര്‍ത്താവ് കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് കെ സുധാകരന് വിവാദപരമായ മറുപടി നല്‍കിയത്.
വടക്കുള്ള നേതാക്കള്‍ സത്യസന്ധരും നേര്‍വഴിക്കുള്ള നിലപാടുകാരും ധൈര്യമുള്ളവരുമെന്നാണ് പുകഴ്ത്തല്‍. അതിനൊപ്പമാണ് രാമായണത്തെ കൂട്ടി തെക്കുള്ളവരെ അവഹേളിക്കല്‍. നേതാക്കളെ വടക്കും തെക്കുമായി വിഭജിച്ച് ചരിത്രപരമായ വ്യത്യാസമുണ്ടെന്ന പരാമര്‍ശത്തിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം. പ്രദേശം നോക്കിയുള്ള വിഭജത്തിനൊപ്പം പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശവും സുധാകരന് ലംഘിച്ച് കൂടുതല്‍ വിവാദപരമാര്‍ശം കൂടി നടത്തുന്നു. തരൂര്‍ സംഘടനാ പരമായി ട്രെയിനി മാത്രമെന്നാണ് പരിഹാസം. എന്നാല്‍ ട്രെയിനി എന്ന വാക്ക് പറഞ്ഞിട്ടില്ല.നാടന്‍ പ്രയോഗം മാത്രമെന്നാണ് സുധാകരന് വിശദീകരിച്ചത്


