എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അതിനു ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതു ഊര്‍ജം നല്കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. ഇത്തവണ ഒളിമ്പ്യന്മാര് എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകള്‍ ഇത് ഓര്‍ക്കും. എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമ്പോള്‍ സൈനിക ഹെലികോപ്റ്ററുകളില്‍ നിന്നും പുഷ്പ വൃഷ്ടി ഉണ്ടായി. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് ദിശാബോധം നല്‍കിയത് ജവാഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമെന്ന് മോദി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വാക്സിന് വികസിപ്പിക്കാന്‍ പ്രയത്നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി.
ഇത്തവണത്തേത് നരേന്ദ്രമോദിയുടെ തുടര്‍ച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്.


