തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ ഉച്ചവരെ മികച്ച പോളിംഗ്. 52.5 ശതമാനം വോട്ടുകള്‍ ഉച്ചവരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍.
ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ തന്നെ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. 60 ശതമാനത്തോളം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്.
കണ്ണൂരില്‍ കള്ള വോട്ട് നടന്നതായി കണ്ടെത്തി. കണ്ണന് വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ വോട്ടാണ് കള്ളവോട്ട് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.
അതിനിടെ കോഴിക്കോട് കായണ്ണയില്‍ സി.പി.എം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓപ്പണ്‍ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
അതിനിടെ, മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. കള്ളവോട്ടുകള്‍ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.


