ഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാവും. തര്ക്കമുന്നണികളുടെ തേരാളികള്‍ ആരൊക്കെ എന്ന് ഇന്നറിയാം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഔദ്യോഗിക സ്ഥാനാര്‍ഥിപ്പട്ടികകള്‍ ഇന്ന് പുറത്തിറങ്ങും. അതേസമയം സ്ഥാനാര്‍ത്ഥി മോഹികള്‍ ഉയര്‍ത്തി വിട്ട കലാപങ്ങളില്‍ ഉലഞ്ഞാടുകയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഇടതുമുന്നണിയാകട്ടെ മിക്ക ഇടങ്ങളിലും ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.
സാധ്യതാപ്പട്ടികയെ ചൊല്ലി യു.ഡി.എഫില്‍ പലയിടത്തും ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ അതാത് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ചിട്ടയായ സംഘടനാപ്രവര്‍ത്തനമുള്ള മുസ്ലിം ലീഗില്‍ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി കൂടിയായ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് മുതല്‍ എറണാകുളം ജില്ലാസെക്രട്ടറിയും കളമശ്ശേരി സ്ഥാനാര്‍ത്ഥിയുമായ അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ വരെ പ്രതിഷേധത്തിന്റെ മുന്നിലാണ്. ലീഗില്‍ കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെച്ചൊല്ലി ഭിന്നത നിലനില്ക്കുന്നു.
ഭരണത്തില്‍ തിരികെ എത്താന്‍ മുന്നില്‍ നില്‍ക്കണ്ട കോണ്‍ഗ്രസില്‍ കൂട്ടരാജിയാണ് മിക്കയിടങ്ങളിലും അരങ്ങേറുന്നത്. ത്രിപ്പൂണിതുറയില് ബാബു അനുകൂലികളും എതിരാളികളും നടത്തിയ പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തി കഴിഞ്ഞു. കെ. ബാബുവിനുവേണ്ടി ഒട്ടേറെപ്പേര്‍ സംഘടനാസ്ഥാനങ്ങള്‍ രാജിവെച്ചു.
കാസര്‍കോട്, കോഴിക്കോട്, മലപ്പുറം,ഇടുക്കി, കൊല്ലം ജില്ലകളിലെ പ്രതിഷേധങ്ങള്‍ യുഡി എഫിനേയും കോഴിക്കോട്, എറണാകുളം (പിറവം) മലപ്പുറം, കൊല്ലം , കാസറകോട് ജില്ലകളില്‍ എല്‍ ഡി എഫിനേയും പ്രതിരോധത്തിലാക്കുന്നു. മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് തീരുമാനിക്കുന്നു എന്നതാണ് കോണ്‍ഗ്രസിലെ വിമര്‍ശനം. ഇഷ്ടപ്പെട്ട നേതാക്കളെ അവര്‍ ആഗ്രഹിച്ച മണ്ഡലത്തില്‍ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി തിങ്കളാഴ്ച പത്രിക നല്‍കുമെന്ന വിവരവും പുറത്ത് വന്നു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ ഇക്കുറിയും അങ്കത്തി നിറങ്ങും. നേമത്ത് കെ മുരളീധരന്റെ പേരാണ് ഒടുവില്‍ പുറത്ത് വരുന്നത്.
എതിര് പ്രതിഷേധങ്ങളുടെ പേരില്‍ പ്രഖ്യാപിച്ച ഒരാളെ പോലും മാറ്റില്ലന്ന് സിപിഎം ലീഗ് നേതൃത്വങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.
പിറവം ചാലക്കുടി സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ജോസ് കെ മാണി വിഭാഗത്തിന് തലവേദനയായി. സി.പി.എം. അംഗത്തെ സ്ഥാനാര്‍ഥിയാക്കിയത് പിറവത്ത് വലിയ പ്രതിഷേധ മുണ്ടാക്കിയിട്ടുണ്ട്, കേരള കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവ് ജില് സ് പെരിയ പുറത്തെ മാറ്റിയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഇവിടെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത്. റാന്നി സീറ്റിലെ സ്ഥാനാര്‍ഥി പ്രമോദ് നാരായണനുമുണ്ട് എതിര്‍പ്പ്. കുറ്റ്യാടിയില്‍ ആദ്യം ഉയര്‍ന്ന കലാപങ്ങള്‍ സിപിഎം തണുപിച്ചു.
അതേസമയം സ്വന്തം മണ്ഡലമായ ധര്‍മടത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.
പാലക്കാട്ട് ഒറ്റപ്പാലവും മലമ്പുഴയും കോണ്‍ഗ്രസ് പെയ്മെന്റ് സീറ്റാക്കിമാറ്റി എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി. മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് നല്കിയ അന്ത്യശാസനവും ഞായറാഴ്ച അവസാനിക്കും.
ഇരിക്കൂര്‍ സീറ്റ് കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിന് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കള്‍ അവിടെ രാപകല്‍ സമരത്തിലാണ്. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയതാണ് കോണ്‍ഗ്രസുകാരില്‍ ചിലരുടെ എതിര്‍പ്പിനു കാരണം. യു.ഡി.എഫ്. അനുവദിച്ചുനല്‍കിയ മലമ്പുഴ സീറ്റ് വേണ്ടെന്നാണ് നാഷണലിസ്റ്റ് ഭാരതീയ ജനതാദളിന്റെ നിലപാട്. പകരം അവര്‍ക്ക് എലത്തൂര്‍ വേണം. അതാകട്ടെ കാപ്പന്റെ എന്‍.സി.പി.ക്ക് നല്‍കിയതുമാണ്.
ബി.ജെ.പി.യില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. നടന് സുരേഷ് ഗോപി , നടന് വിനു മോഹന്‍ ഉള്‍പ്പെടെ വലിയൊരു താര നിര പട്ടികയിലുണ്ടാവുമെന്നാണ് സൂചന. പട്ടികയില്‍ ക്രൈസ്തവ മത ന്യൂനപക്ഷങ്ങളില്‍ പെട്ടവരാണ് അധികമെന്ന സൂചനയും പുറത്ത് വന്നു കഴിഞ്ഞു.


