പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന് സനല്‍ പിടിയില്‍. മൈസൂരുവില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന് വിളിച്ചു വരുത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. നിലവില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. അതേസമയം വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ ആശുപ്രത്രിയിലാണ് പോസ്റ്റുമോര്‍ട്ടം ആരംഭിക്കുക.
ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65 കാരന് ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തുള്ള മകള്‍ സൗമിനി രാവിലെ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണ മുറിയിലും, ചന്ദ്രന്റേത് കിടപ്പു മുറിയിലുമാണുണ്ടായിരുന്നത്.
ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. പാലക്കാട് എസ്.പി ആര് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകന് സനലിനെ രാവിലെ മുതല്‍ കാണാനുണ്ടായിരുന്നില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാളായി വീട്ടിലുണ്ട്. സനല്‍ ബംഗ്ളൂരുവിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.


