കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അടുത്തയിടെ താന്‍ പഠിച്ച സ്കൂളിന്റെ പ്രിന്‍സിപ്പലിന് അയച്ച കത്ത് അത്യന്തം ഹൃദയ സ്പര്ശിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയതിലുള്ള അഭിമാനം സ്ഫുരിക്കുന്ന കത്താണ് വരുണ്‍ സിംഗ് ഹരിയാണയിലെ ചാന്ദിമന്ദിറിലുള്ള ആര്‍മി പബ്ലിക് സ്കൂളിന് അയച്ചത്.
സെപ്തംബര്‍ 18-ന്, ചണ്ഡിമന്ദിറിലെ ആര്‍മി പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പലിന്, വിദ്യാര്‍ത്ഥി കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട് പ്രചോദനാത്മകമായ ഒരു കത്ത് എഴുതി.
സ്കൂള്‍ പഠനകാലത്ത് താന്‍ എത്രമാത്രം സാധാരണ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് വരുണ്‍ സിംഗ് പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ പറയുന്നു. പാഠ്യേതര പ്രവൃത്തികളിലോ കായിക മത്സരങ്ങളിലോ താന്‍ മിടുക്കനായിരുന്നില്ല. എന്നാല്‍ ഇന്ന് താന്‍ ഈ കത്തെഴുതുന്നത് അത്യധികം അഭിമാനത്തോടെയാണ്. തന്റെ നേട്ടങ്ങള്‍ക്ക് പിറകില്‍ പഠിച്ച സ്കൂളിലെയും എന്‍ഡിഎയിലെയും അധ്യാപകരും വ്യോമസേനയിലെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരുമാണെന്നും വരുണ്‍ സിംഗ് കത്തില്‍ പറയുന്നു.
‘സാധാരണക്കാരനാകുന്നതാണ് നല്ലത്. എല്ലാവരും സ്കൂള്‍ ജീവിതത്തില്‍ മികവ് കാണിക്കണമെന്നില്ല. 90-നു മുകളില്‍ എല്ലാവര്ക്കും സ്കോര്‍ ചെയ്യാനും കഴിയില്ല. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, അതൊരു അത്ഭുതകരമായ നേട്ടമാകും, അത് അഭിനന്ദനം അര്‍ഹിക്കുന്നു,’ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് കത്തില്‍ കുറിച്ചു.
‘നിങ്ങള്‍ സ്കൂളില്‍ സാധാരണക്കാരനായിരിക്കാം. പക്ഷേ, അത് ജീവിതത്തില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ അളവുകോലല്ല. നിങ്ങളുടെ ലക്ഷ്യം കണ്ടെത്തുക. അത്, കല, സംഗീതം, ഗ്രാഫിക് ഡിസൈന്‍, സാഹിത്യം തുടങ്ങിയവയായിരിക്കാം. നിങ്ങള്‍ ഏതു മേഖല തിരഞ്ഞെടുക്കുന്നുവോ അതില്‍ അര്പ്പണബോധമുള്ളവരായിരിക്കുക. ആകുന്നത് പരമാവധി ചെയ്യുക. എനിക്ക് കൂടുതല്‍ പരിശ്രമിക്കാമായിരുന്നു എന്ന് കരുതി ഒരിക്കലും ഉറങ്ങാന്‍ പോകരുത്,” ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് എഴുതി.
പഠിക്കുന്ന കാലത്ത് വിമാനങ്ങളോടും വൈമാനികന്മാരോടും വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് തനിക്ക് വ്യോമസേനയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായകമായത്.
വെറും സാധാരണക്കാരനായി ജീവിക്കാനുള്ള കഴിവെ തനിക്കുള്ളൂവെന്ന തോന്നല്‍ മാറ്റിയത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് വരുണ്‍ പറയുന്നു. ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തതോടെ ആത്മവിശ്വാസമായി. വ്യോമസേനയിലെ പൈലറ്റ് കോഴ്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അപൂര്‍വം പേരിലൊരാളാകാന്‍ കഴിഞ്ഞു. പിന്നീട് വിദേശത്ത് പോയി പഠിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം അവസരം ലഭിക്കുന്ന തേജസ് എയര്‍ക്രാഫ്റ്റ് സ്ക്വാഡ്രണില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.
2020 ഒക്ടോബര്‍ 20ന് സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാന്‍ തനിക്കായി. ഇതിനാണ് ധീരതയ്ക്കുള്ള ശൗര്യചക്ര തന്നെ തേടിയെത്തിയതെന്നും വരുണ്‍ സിംഗ് കത്തില്‍ പറയുന്നു. ഇത്രയും പറഞ്ഞത് താന്‍ പഠിച്ച സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്. പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാര്ത്ഥിയാകുന്നതില് തെറ്റില്ല. എന്നാല്‍ പിന്നീട് പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കഠിനാദ്ധ്വാനം ചെയ്താല്‍ മികച്ച ഫലമുണ്ടാക്കാനാകുമെന്നാണ് തന്റെ ജീവിതം തെളിയിക്കുന്നത്.
ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നിരന്തരം പ്രയത്നിക്കുക. നിങ്ങള്‍ക്ക് ഉയരങ്ങളിലെത്താനാകും. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് തങ്ങള്‍ പിന്നിലാകുമെന്ന് കരുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ജീവിതം പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നതായും വരുണ്‍ സിംഗ് കത്തില്‍ പറയുന്നു. ഇക്കാര്യം കുട്ടികളോട് പറയണമെന്ന് പ്രിന്‍സിപ്പലിനോട് വരുണ്‍ അഭ്യര്‍ത്ഥിക്കുന്നു. ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം കാരണം തന്നെ പഠിപ്പിച്ച അധ്യാപകരാണെന്ന വാചകത്തോടെയാണ് വരുണ്‍ സിംഗ് കത്ത് അവസാനിപ്പിക്കുന്നത്.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത 14 പേരില്‍ രക്ഷപ്പെട്ടത് വ്യോമസേനാ ഉദ്യോഗസ്ഥനായ വരുണ്‍ സിംഗിന് മാത്രമാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.