ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി.
ലഹരി ഉപയോഗത്തിന് സസ്പെന്‍ഡ് ചെയ്തത് എസ്.എഫ്.ഐ നേതാവിനെയാണ് എന്ന് വി.ഡി സതീശന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം രൂക്ഷമായത്. പെണ്‍കുട്ടിയ അക്രമിച്ച കേസുകളിലെ പ്രതികള്‍ തന്നെയാണ് എം.എസ്.എഫ് കൊടിമരം തകര്‍ത്ത കേസിലേയും പ്രതികള്‍. ‘എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിഷ്ണു. കൊച്ചിയില്‍ ലഹരിക്കെതിരായി ഡി വൈ എഫ് ഐ ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്പോണ്സര് ചെയ്തയാള്‍ ലഹരി കേസില്‍ ജയിലിലാണെന്നും സതീശന് പറഞ്ഞു.
പൊലീസില്‍ പലര്‍ക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിയൂരില്‍ പതിമൂന്നുകാരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലഹരി ഇടപാടുകാരെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്ക് രാഷ്ട്രീയ സ്പോണ്‍സര്‍ഷിപ്പ്. സര്‍ക്കാര്‍ ക്യാമ്പയിന് പൊലീസ് അറിഞ്ഞില്ലേ സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ വ്യാപകമാണ്. കേരളം ലഹരി കേന്ദ്രമായെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സതീശന് തയ്യാറായില്ല. തന്റെ പ്രസംഗം പൂര്‍ത്തിയാക്കാതെ മന്ത്രിമാര്‍ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇതിനെ എതിര്‍ത്തു. ആള്‍ക്കൂട്ടം ഉണ്ടാക്കി ബഹളം വെച്ച് സംസാരിക്കാതിരിപ്പിക്കാനാണ് ഭരണപക്ഷ ശ്രമമെന്നും വി.ഡി സതീശന് പറഞ്ഞു.
ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. ഇരു പക്ഷവും സീറ്റില്‍ ഇരിക്കണം എന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ വാക്പോര് രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.


