ഒരു നിക്ഷേപകന് കൂടി പണം തിരികെ നല്കി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തത് മൂലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സ തടസപ്പെട്ട തെങ്ങോലപറമ്പില്‍ ജോസഫിനാണ് പണം തിരികെ നല്‍കിയത്. വൃക്ക രോഗി കൂടിയായ ജോസഫിന് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ട് മക്കളുടെ ചികിത്സ തുടരാന്‍ കഴിയാത്ത സ്ഥിതിയില്‍ ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തുക ലഭിച്ചിരുന്നില്ല. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് മന്ത്രി ആര് ബിന്ദു മാപ്രാണത്തെ വീട്ടില്‍ നേരിട്ടെത്തി ജോസഫിന് 5 ലക്ഷം രൂപ കൈമാറിയത്.
10.30 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച ജോസഫിന്റെ ബാക്കി തുക എത്രയും പെട്ടെന്ന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ സഹകരണ പ്രസ്ഥാനങ്ങള്‍ കാത്തു സംരക്ഷിക്കേണ്ട കടമ സര്‍ക്കാരിനുണ്ടന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സഹകരണ മന്ത്രി നടപ്പാക്കുന്ന പദ്ധതിയുമായാണ് കരുവന്നൂര്‍ ബാങ്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും തുക കൈമാറിയതിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച ഫിലോമിനയ്ക്ക് ബാങ്ക് പണം തിരികെ നല്‍കിയത്. മാപ്രാണം സ്വദേശിനി ഫിലോമിനയുടെ വീട്ടിലെത്തി ഭര്‍ത്താവ് ദേവസിക്ക് ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും മന്ത്രി നേരിട്ടെത്തി കൈമാറുകയായിരുന്നു. 23 ലക്ഷത്തോളം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സാസമയത്ത് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല.
ഈ തുക കൃത്യ സമയത്ത് കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ തന്റെ അമ്മയെ രക്ഷിക്കാന്‍ സാധിച്ചേനേയെന്ന് ഫിലോമിനയുടെ മകന് പ്രതികരിച്ചിരുന്നു.
104 കോടി രൂപയുടെ ക്രമക്കേടാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. 38.75 കോടി രൂപ തിരികെ നല്‍കിയതായും സഹകരണ മന്ത്രി എന്‍ വാസവന് പറഞ്ഞു. കൃത്യമായ നടപടികള്‍ സ്വീകരിച്ച് നിക്ഷേപകര്‍ക്കെല്ലാം തുക തിരിച്ചു നല്‍കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.


