ചേര്‍ത്തല: വീടുപണിക്കു തടസ്സമാകുന്ന തരത്തില്‍ വഴിയടച്ച് സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകള്‍ ചേര്‍ന്നു പിഴുതുമാറ്റി. കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാന്‍ കൗണ്‍സിലര്‍ അനൂപ്ചാക്കോയും പാര്‍ട്ടി പ്രവര്‍ത്തകരുമെത്തി തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസെത്തി നടത്തിയ ചര്‍ച്ചയില്‍ കൊടിമരം മാറ്റി സ്ഥാപിക്കാനും പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനല്‍കാനും ധാരണയായി.
ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്കുസമീപമാണ് കഴിഞ്ഞദിവസം നാടകീയ സംഭവമരങ്ങേറിയത്. ഇവിടെ ഏതാനുംനാളുകളായി വഴിത്തര്‍ക്കമുണ്ട്. വഴിയടച്ച് സി.പി.എം. കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയെന്നു വീട്ടുകാര്‍ പറയുന്നു.ഇവരുടെ വീടിന്റെ ഭാഗത്തുകൂടിയുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനല്‍കാതെ നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സി.പി.എം. വാദം. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. എന്നാല്‍, റോഡാക്കി മാറ്റുന്ന നടവഴിക്കായി മുന്‍പ് സ്ഥലം വിട്ടുനല്കിയതിനാല് ഇനിയും വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ കൊടിമരം പിഴുതുമാറ്റിയത്. വീട്ടുകാര്‍ക്ക് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകരുമെത്തി.
ഒടുവില്‍ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചാണ് ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് കൊടിമരം മറ്റൊരു സ്ഥലത്തേക്കു മാറ്റി. സി.പി.എം. ഔദ്യോഗിക കൊടിമരമല്ലെന്നും പുന്നപ്ര-വയലാര്‍ സമരകാലത്തുയര്‍ത്തിയ കൊടി വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ക്രീറ്റുചെയ്ത് നിലനിര്ത്തുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍, മറ്റൊരു സ്ഥലമുടമയുടെ സ്ഥലത്ത് അവരുടെ പൂര്‍ണ അനുമതിയോടെയാണ് കൊടിമരം സ്ഥാപിച്ചതെന്നാണ് സി.പി.എം. വാദം. ഏഴുമാസമായി പാര്‍ട്ടി നേതൃത്വത്തിനും പോലീസിലും റവന്യൂവകുപ്പിലും പരാതി നല്‍കിയിട്ടും പരിഹാരമാകാത്തതിനാലാണ് സ്ത്രീകള്‍ രംഗത്തിറങ്ങിയത്. വിഷയം പരിഹരിക്കുന്നതില്‍ സി.പി.എമ്മിനു വീഴ്ച പറ്റിയതായി പാര്‍ട്ടിക്കുള്ളിലും വിമര്‍ശനമുണ്ട്.
എന്നാല്‍, പാര്‍ട്ടി ഇടപെട്ട് പറഞ്ഞുതീര്‍ത്ത വിഷയമാണെന്നും ഇപ്പോള്‍ തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും സി.പി.എം. എക്സ്-റേ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രതാപന് പറഞ്ഞു. സി.പി.എം. കൊടിമരത്തിനുനേരേ അക്രമമുണ്ടായപ്പോള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കൗണ്‍സിലര്‍ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.