രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെയെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡിസംബര്‍ 7 നാണ് വൈസ് ചാന്‍സലര്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കാന് ചാന്‍സലര്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.
രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശം സിന്‍ഡിക്കറ്റ് പോലും ചേരാതെ കേരള സര്‍വകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ചാന്‍സലറുടെ ശുപാര്‍ശ സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തില്‍ വിസിക്കു വീഴ്ച സംഭവിച്ചെന്നുമായിരുന്നു ആക്ഷേപം.
വി.സിയെ വിളിച്ചു വരുത്തി ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്കാന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സര്‍ക്കാര്‍ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.


