ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിക്ഷേപണത്തില്‍ ആശങ്ക. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. സിഗ്നലുകള്‍ക്കായി കാത്തിരിക്കുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് എസ്എസ്എല്‍വി ഡി-1 കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ് ഭ്രമണപഥത്തില്‍ എത്തിയത്.
മലപ്പുറം മംഗലം സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുമുണ്ട് ഈ കുഞ്ഞന്‍ പേടകത്തിന് പിന്നില്‍. ‘ഞങ്ങളുടെ ഫിസിക്സ് ടീച്ചറാണ് ഇതിന് പിന്നില്‍. ഇത്തരമൊരു അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞങ്ങള്‍ പത്ത് കുട്ടികള്‍ താത്പര്യമറിയിച്ച് ചെന്നു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിഡിയോ അയച്ച് തരും. അതനുസരിച്ച് ചിപ് ബോര്‍ഡില്‍ പ്രോഗ്രാം ചെയ്ത് അവര്‍ക്ക് തിരിച്ചയക്കുകയായിരുന്നു’- പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥിനി പറഞ്ഞു.
ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി ഡി വണ്‍ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ഞൂറ് കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ എസ്എസ്എല്‍വിയ്ക്ക് സാധിയ്ക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എല്‍വി വിക്ഷേപണത്തിന് തയ്യാറാക്കാന്‍ സാധിയ്ക്കും. പിഎസ്എല്‍വിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എല്‍വിയുടെ പ്രധാന പ്രത്യേകതയും.
രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എല്‍വി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്.
ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെല്‍ഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വിക്ഷേപണം ആരംഭിച്ച് 13 മിനിറ്റ് രണ്ട് സെക്കന്‍ഡുകള്‍ കൊണ്ട് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും.


