മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് കാനം പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണം. ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ല. പൊലീസിനെതിരെയാണ് പരാമര്ശമുളളതെങ്കില് റിപ്പോര്‍ട്ട് പുറത്തുവരാത്ത സ്ഥിതിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാട്ടില്‍ മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും കോടതിക്ക് മുന്നില്‍ വരുന്നില്ലെന്നും കാനം പറഞ്ഞു.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. തണ്ടര്‍ബോള്‍ട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയല്ല. അതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേണ്ടെന്ന് തീരുമാനിക്കണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സര്‍ക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി. അതേസമയം, സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്ന് കാനം രാജേന്ദ്രന്. പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.