മൂവാറ്റുപുഴ: ജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ സി പി ഐ ആയവന ലോക്കല്‍ കമ്മറ്റി റവന്യൂമന്ത്രി കെ. രാജന് പരാതി നല്കി. ആയവന ഗ്രാമപഞ്ചായത്തിന്റെ ജനവാസ മേഖലയായ 3,4 വാര്‍ഡുകളും, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്നതുമായ പാറത്താഴം പ്രദേശത്തെ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും മനുഷ്യവിസര്‍ജ്ജ്യ മാലിന്യമുള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന സംസ്കരണ കേന്ദ്രം 7.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്കെതിരെയാണ് സി.പി.ഐ ആയവന ലോക്കല്‍ കമ്മിറ്റി മന്ത്രിക്ക് പരാതിനല്‍കിയത്.
പാറക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ നീരുറവകള്‍ മുഖേനയാണ് ഇവിടങ്ങളിലുള്ള കുടിവെള്ള കിണറുകളില്‍ കുടിവെള്ളം ലഭിക്കുന്നത് എന്നിരിക്കെ, ഇത്തരം സംസ്കരണ കേന്ദ്രങ്ങള്‍ ഈ പ്രദേശത്ത് സ്ഥാപിതമായാല് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ലഭ്യതക്കു തന്നെ ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്കുവാന് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഇത്തരം ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും, ഭരണഘടന വിരുദ്ധവുമായതിനാല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകരുതെന്നാണ് മന്ത്രക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതി നിര്ത്തിവച്ചില്ലെഹ്കില് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപി.ഐ ലോക്കല്‍ സെക്രട്ടറി ഷാജി അലിയാര് അറിയിച്ചു. ഈ പ്രദേശത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് അനുമതി നല്‍കുന്നത് നിര്ത്തിവെപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.