യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സ്കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്ത കേസില്‍ കസ്റ്റംസ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമയുെട മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇക്കാര്യത്തില്‍ കോണ്‍സുലേറ്റുമായി കത്തിടപാടുകള്‍ നടന്നിട്ടില്ലെന്നും അനുപമ മൊഴി നല്കി. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാനുള്ള പദ്ധതി നടപ്പാക്കുമ്പോള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്റായിരുന്നു അനുപമ.
മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ടി. വി അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്. കോണ്‍സുലേറ്റ് ജനറലിന്റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്കാന് സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
2017 മെയ് 26 ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 9000 കിലോ ഈന്തപ്പഴം നാല്പതിനായിരം കുട്ടികള്‍ക്കായി നല്‍കിയെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ടി.വി അനുപമ മൊഴി നല്കി.
ഇതിനെക്കുറിച്ച് യുഎഇ കോണ്‍സുലേറ്റുമായി കത്തിടപാടുകള്‍ നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വാക്കാല്‍ നല്കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അന്ന് ഡയറക്ടറായിരുന്ന ടി.വി അനുപമ മൊഴി നല്കി. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതിയില്ലാതെ 17000 കിലോ ഈന്തപ്പഴമെത്തിച്ച് പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എണ്ണായിരം കിലോ ഈന്തപ്പഴം വിതരണം ചെയ്തതെവിടെ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.